മാള: കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് രാത്രി ആയതിനുശേഷമുള്ള ബസ് സർവീസുകൾ നടത്തണമെന്ന് മന്ത്രിക്ക് പരാതി നൽകി. രാത്രി ഒമ്പത് വരെയെങ്കിലും പ്രധാന റൂട്ടുകളിലേക്ക് സ്ഥിരം സർവീസുകൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മാള സോഷ്യൽ ഫോറം സെന്റർ ഫോർ സോഷ്യൽ ചെയ്ഞ്ചസ് പ്രസിഡന്റ്് ഷാൻ്റി ജോസഫ് തട്ടകത്ത് യുവജനക്ഷേമം- കായികം - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷിന് പരാതി നൽകിയത്.
ആലുവ, അങ്കമാലി, തൃശൂർ, കൊടുങ്ങല്ലൂർ, പുത്തൻവേലിക്കര തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് വൈകീട്ട് 6.30ന് ശേഷം സർവീസുകൾ ഇല്ലാത്തതിനാൽ ജീവനക്കാർ, വിദ്യാർഥികൾ, സ്ത്രീകൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർ യാത്രാ ദുരിതം നേരിടുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വൈകിട്ട് 6.30 മുതൽ രാത്രി ഒൻപതുവരെയെങ്കിലും അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ ഇടവേളകളിൽ സ്ഥിരം കെഎസ്ആർടിസി സർവീസുകൾ ഏർപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഷാന്റി ജോസഫ് തട്ടകത്ത് പരാതിയിൽ ആവശ്യപ്പെട്ടു.
ബസ് സർവീസുകൾ പുനരാരംഭിക്കും: മന്ത്രി
മാള: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് നിര്‍ത്തലാക്കിയ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യം വകുപ്പിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി ഒ.ജെ. ജനീഷ്. മാള കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നാരംഭിക്കുന്ന പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്നവര്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്നാണ് ആരോപിക്കുന്നത്. അങ്ങിനെയെങ്കില്‍ അത്തരം തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.